ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫിന്റെ മദീന സന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് 150 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഷെഹബാസിനെതിരെ പാക് തീര്‍ഥാടകര്‍ മുദ്രാവാക്യങ്ങൾ ശക്തമായി മുഴക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പാക് പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്.
സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ഇമ്രാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇമ്രാന്‍ അനുയായികളാണ് പ്രശ്‌നമുണ്ടാക്കിയതെന്നാരോപിച്ച് പൊലീസ് ഇമ്രാനും മുന്‍ മന്ത്രിമാരായ ഫവാദ് ചൗധരി, ഷെയ്‌ഖ് റാഷിദ്, ഇമ്രാന്റെ ഉപദേശകനായിരുന്ന ഷെഹബാസ് ഗുള്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി തുടങ്ങിയവര്‍ക്കുമെതിരെ മതനിന്ദ അടക്കം ചുമത്തിയാണ് കേസെടുത്തത്.

