Sunday, May 19, 2024
spot_img

കാസർഗോട്ടെ ഷവർമ ഭക്ഷ്യവിഷബാധ;ഒരാൾ മരിച്ചു, 3 പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍, ഒരു കുട്ടിയുടെ നില ഗുരുതരം

കണ്ണൂര്‍: കാസർഗോഡ് ചെറുവത്തൂരിലെ ഒരു കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന മൂന്നുപേര്‍ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയില്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. ഇതിൽ നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാസർഗോഡ് ചെറുവത്തൂരിലെ ഒരു കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം 36 പേരാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയത്. അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ കൂൾബാറിന് ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ വൃത്തിഹീനമായ സാഹചര്യത്തിലാണ് കട പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ഒരു വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. സംഭവത്തിൽ സ്ഥാപനത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

ഇന്ന് പുലർച്ചെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ ഉണ്ടാക്കിയ ഐഡിയൽ ഫുഡ് പോയിന്റിന്റെ മാരുതി ഒമ്നി വാനിന് തീയിട്ടു. സ്ഥാപനത്തിന് സമീപം മെയിൻ റോഡിനോട് ചേർന്ന് നിർത്തിയിട്ട സ്ഥലത്താണ് വാൻ കത്തിയത്. സംഭവത്തെ തുടർന്ന് ചന്തേര പോലീസ് എത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles