ദില്ലി: ബാലാക്കോട്ടിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ്
തകര്‍ത്തതിന് പിന്നാലെ പിന്നാലെ ഇന്ത്യയ്ക്കുമേൽ പാകിസ്ഥാൻ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നീക്കി. 140 ദിവസത്തിനു ശേഷമാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍റെ വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കുന്നത്.
അതിർത്തികളിലെ ഇന്ത്യൻ പോർ വിമാനങ്ങൾ പിൻവലിക്കാതെ വ്യോമ മേഖല നിയന്ത്രണം പിൻവലിക്കില്ലെന്നാണ് രണ്ടു ദിവസം മുൻപ് വരെ പാക് അധികൃതർ പറഞ്ഞത്. എന്നാൽ തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തങ്ങൾക്ക് തന്നെ വിനയാകുമെന്ന് കണ്ടതോടെ ഗത്യന്തരമില്ലാതെ പാകിസ്ഥാൻ വ്യോമപാത തുറക്കുകയായിരുന്നു.
പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ് തകർത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇൻഡ്യയുമായുള്ള പാകിസ്താന്റെ നയതന്ത്രബന്ധം മോശമായിരുന്നു. ഈ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.
വ്യോമപാത തുറന്നത് ഈ മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത് മൂലം നഷ്ടടത്തിലായ എയർ ഇന്ത്യയ്‌ക്ക്
ഈ നടപടി ആശ്വാസം പകരുന്നതാണ് . പാകിസ്ഥാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾ ഈ മേഖലയിലൂടെ പറന്നതായും വിവരമുണ്ട്.
പാക്കിസ്ഥാൻ ഒഴിവാക്കി വിമാനങ്ങള്‍ പറത്തിയതു വഴി രാജ്യത്തെ വ്യോമഗതാഗത മേഖലയ്ക്ക് 550 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. പാക്കിസ്ഥാന്‍റെ നടപടി മൂലം എയര്‍ ഇന്ത്യയ്ക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപ നഷ്ടമുണ്ടായി . രാജ്യത്തെ മുൻനിര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റിന് മുപ്പത് കോടിയോളം രൂപയും ഇൻഡിഗോയ്ക്ക് ഇരുപത്തഞ്ച് കോടി രൂപയും നഷ്ടമുണ്ടായി. ഗോ എയറിന് രണ്ട് കോടിയോളം രൂപയായിരുന്നു നഷ്ടം.
പാക് നടപടിയ്ക്ക് മറുപടിയായി പാക്കിസ്ഥാന്‍റെ സിവിൽ വിമാനങ്ങള്‍ക്ക് ഇന്ത്യയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ മെയ് 31ന് വിലക്ക് എടുത്തു മാറ്റിയിരുന്നു. നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് 688 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ ഇക്കാര്യത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ പാകിസ്ഥാൻ ഒഴിവാക്കി വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിംഗ്, ലാൻഡ് ചെയ്യുന്നത്തിനുള്ള വാടക എന്നിങ്ങനെയുള്ളപാകിസ്ഥാന്റെ വരുമാനത്തിലും ക്രമാതീതമായ കുറവ് കണ്ടെത്തി.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളൽ മാറുന്നതിന്റെ സൂചനയായി പാക്കിസ്ഥാന്‍റെ നടപടി വിലയിരുത്തപ്പെടുന്നു. കര്‍താര്‍പുര്‍ ചര്‍ച്ചക്ക് പിന്നാലെയാണ് പാകിസ്ഥാന്‍റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

