തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും ഗവര്ണര് വിശദമായ റിപ്പോര്ട്ട് ആവശ്യപ്പെട്ടു . കേരളാ യുണിവേഴ്സിറ്റി വൈസ് ചാന്സലറോടാണ് ഗവർണർ റിപ്പോർട്ട് തേടിയത്. വിദ്യാര്ത്ഥി സംഘര്ഷത്തിലും , ഉത്തരക്കടലാസും സീലുകളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സംഭവത്തിലും ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഉടന് തന്നെ ഇക്കാര്യത്തില് വിശദമായ റിപ്പോര്ട്ട് നല്കേണ്ടി വരും. കേരളത്തിലെ പ്രമുഖ കലാലയങ്ങളില് ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ്. ഇക്കാര്യം പ്രത്യേകം പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെ കുരുക്ക് മുറുക്കുകയാണ്. ശിവരഞ്ജിത്തിനെതിരെ വ്യാജ സീല് നിര്മാണത്തിനും മോഷണത്തിനും കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്. ശിവരഞ്ജിത്തിന്റെ വീട്ടില് നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള് മോഷ്ടിച്ചതാണെന്ന് യൂണിവേഴ്സിറ്റി അധികാരികള് പൊലീസിനെ അറിയിച്ചു. സീലുകള് വ്യാജമാണെന്ന് ഫിസിക്കല് എഡ്യൂക്കേഷന് ഡയറക്ടറും സമ്മതിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പരാതി നല്കുന്നതോടെ മോഷണത്തിനും വ്യാജരേഖാ നിര്മാണത്തിനും രണ്ട് പുതിയ കേസുകള് ശിവ രഞ്ജിത്തിനെതിരെ റജിസ്റ്റര് ചെയ്യും.
ഇതോടൊപ്പം അഖിലിനെ കുത്തിപ്പരുക്കേല്പ്പിച്ച സംഘര്ഷത്തില് പുറത്ത് നിന്നുള്ള എസ്.എഫ്.ഐ പ്രവര്ത്തകരും പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളല്ലാത്ത ഹൈദര്, ഹരീഷ് എന്നീ എസ് എഫ് ഐ നേതാക്കളും ചേർന്നാണ് അഖിലിനെ ആക്രമിച്ചതെന്ന് കണ്ടെത്തി. കേസിലാകെ 17 പ്രതികളുണ്ടെന്നും തിരിച്ചറിഞ്ഞു. ഇനി 11 പേര്കൂടി പിടിയിലാകാനുണ്ട്.
അതിനിടെ അധിക മാര്ക്കിനായി ശിവരഞ്ജിത് പി എസ് സിയില് നല്കിയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങി. ആ മല്സരങ്ങളില് ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പോലീസിന്റെ നടപടി. കഴിഞ്ഞ 12 വര്ഷത്തിനിടെ തങ്ങൾ നടത്തിയ ജില്ലാതല മല്സരത്തില് പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആര്ച്ചറി അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്സരങ്ങളില് പങ്കെടുത്തിട്ടില്ലെന്നും സര്ട്ടിഫിക്കറ്റില് അന്വേഷണം വേണമെന്നും ആര്ച്ചറി അസോസിയേഷന് ദേശീയ പ്രസിഡന്റാണ് വ്യക്തമാക്കിയത്.
അതിനിടെ ശിവരഞ്ജിത്തിന്റെ വീട്ടില്നിന്നു പരീക്ഷാക്കടലാസുകള് കണ്ടെടുത്ത സംഭവത്തില് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നുള്ള സൂചനകളും വരുന്നുണ്ട്. പരീക്ഷാക്കടലാസുകള്ക്കൊപ്പം കണ്ടെടുത്ത, ഫിസിക്കല് എഡ്യൂക്കേഷന് ഡയറക്ടറുടെ സീല് വ്യാജമാണെന്ന് കേരള സര്വകലാശാല വി സി അറിയിച്ചതിനേത്തുടര്ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന് ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്.

