ഇസ്ലാമാബാദ്: നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥി( Pak Student Says About Modi). നരേന്ദ്രമോദിയ്‌ക്കും ഇന്ത്യൻ എംബസിയ്‌ക്കുമാണ് പാക് സ്വദേശിയായ അസ്മ ഷഫീഖ് നന്ദി പറഞ്ഞത്. റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്നിൽ നിന്നും രക്ഷപെടാൻ സഹായിച്ചതിനായിരുന്നു നിറകണ്ണുകളോടെയും സന്തോഷത്തോടെയും ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്.
അസ്മയുടെ വാക്കുകൾ ഇങ്ങനെ:
“യുദ്ധഭൂമിയിൽ നിന്നും തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കീവിലെ ഇന്ത്യൻ എംബസിയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും നന്ദി അറിയിക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടന്നത്. കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങളെ രക്ഷപെടുത്തിയതിന് പ്രത്യേകം നന്ദി അറിയിക്കുന്നു. വീട്ടിൽ സുരക്ഷിതമായി ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളേയും പിന്തുണച്ചതിന് ഒരുപാട് നന്ദിയുണ്ട്’ അസ്മ പറഞ്ഞു.
ഈ വാക്കുകൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് ഈ വീഡിയോ പങ്കുവച്ചത്. അതേസമയം യുക്രെയ്നിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥികളേയും ഇന്ത്യ രക്ഷിച്ചിരുന്നു. സഞ്ചരിക്കുന്ന വാഹനത്തിൽ ഇന്ത്യൻ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെ പാക് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തി യാത്ര ചെയ്യുകയായിരുന്നു.
എന്നാൽ യുക്രെയ്‌നിലെ പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. എല്ലാ വിദ്യാർത്ഥികളേയും ഒഴിപ്പിച്ചതായാണ് പാക് എംബസിയുടെ വാദം. എന്നാൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് രക്ഷപെട്ട വിദ്യാർത്ഥികൾ പറയുന്നത്.

