Sunday, October 4, 2026

യുക്രെയ്‌നിലെ ഇന്ത്യൻ രക്ഷാദൗത്യം: പ്രത്യേക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

ദില്ലി: യുക്രെയ്‌നിലെ ഇന്ത്യൻ രക്ഷാദൗത്യം വിലയിരുത്താൻ (Operation Ganga Union Ministry Meeting)പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തുമെന്നാണ് സൂചന. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും 18,000ലധികം ഇന്ത്യൻ പൗരന്മാരാണ് ഇതുവരെ തിരികെ എത്തിയത്.

യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2, 467 പേരെയുമാണ് രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ചത്. എന്നാൽ ഇന്ത്യൻ പൗരന്മാരെ മാത്രമല്ല, ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാരെയും ഇന്ത്യ യുദ്ധമുഖത്തുനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തുടരുന്ന യുക്രെയ്നിലെ സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലവീവിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെ പൊൾട്ടോവ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷമാണ് വിദ്യാർഥികൾ ലവീവിലേക്ക് തിരിച്ചത്.

പോൾട്ടാവയിൽ നിന്ന് യാത്ര തിരിച്ച് സുമിയിലെ വിദ്യാർത്ഥികൾ ട്രെയിനിൽ ആണ് ലവീവിലേക്ക് പുറപ്പെട്ടത്. വിദ്യാർത്ഥികൾ നാളെ പോളണ്ട്‌ അതിർത്തിയിൽ എത്തും. സുമിയിൽനിന്ന് ഒഴിപ്പിച്ച600 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് പോൾട്ടോവയിലെത്തി അവിടെ നിന്നും ലവീവിലേക്ക് തിരിച്ചത്. മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ സുരക്ഷിത ഒഴിപ്പിക്കൽ ആണ് ഇന്ത്യ നടത്തിയത്. ഇന്നും ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ പ്രധാന നഗരങ്ങളിൽ വെടിനിർത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles