Saturday, January 10, 2026

ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു !!ഇന്ത്യയെ ഭീഷണിപ്പെടുത്തി പഹൽഗാം സൂത്രധാരൻ സൈഫുള്ള കസൂരി !! ലഷ്കർ ഭീകരന്റെ വിദ്വേഷ പ്രചരണം പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്കറെ തൊയ്ബ നേതാവ് ഇന്ത്യൻ ആക്രമണത്തെ തുടർന്നുണ്ടായ അനന്തരഫലങ്ങൾ സമ്മതിക്കുന്നത്. ഭീകര കേന്ദ്രങ്ങൾ തകർന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമർശങ്ങളും പ്രചരിക്കുന്ന വീഡിയോയിൽ ഭീകരൻ നടത്തുന്നുണ്ട്. കശ്മീർ ദൗത്യത്തിൽ നിന്ന് പാകിസ്ഥാൻ ഒരിക്കലും പിന്നോട്ടില്ലെന്നും ഇന്ത്യ ഭീഷണിയാണെന്നും കസൂരി പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാകിസ്ഥാനിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഈ കൊടുംഭീകരൻ ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. ലഷ്കർ തലവനും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി.

തന്റെ പ്രസംഗത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചും കസൂരി പരാമർശിച്ചു. ആറ് മാസം മുൻപ് ഇന്ത്യക്ക് തങ്ങൾ വലിയ പാഠം പഠിപ്പിച്ചു എന്നും, തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യക്ക് ഇല്ലാതായെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ മെയ് 7-ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (PoK) ഒൻപതോളം ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ നാല് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ഒടുവിൽ പാകിസ്ഥാൻ വെടിനിർത്തലിനായി ഇന്ത്യയെ സമീപിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

മുൻപ് സിന്ധു നദിയിലെ ജലം ഇന്ത്യ തടയുന്നു എന്ന് ആരോപിച്ച് ‘വാട്ടർ ടെററിസം’ എന്ന പ്രയോഗവും കസൂരി നടത്തിയിരുന്നു. പാകിസ്ഥാനിലെ പ്രളയത്തിന് കാരണം ഇന്ത്യ മനപ്പൂർവ്വം വെള്ളം തുറന്നുവിടുന്നതാണെന്നും ഇയാൾ ആരോപിച്ചിരുന്നു. പഹൽഗാം ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് ആദ്യം പറഞ്ഞിരുന്ന ഇയാൾ ഇപ്പോൾ പരസ്യമായി ഇന്ത്യക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്നത് അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത്തരം ഭീകരർ ഇപ്പോഴും പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്ന് ഈ വീഡിയോ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

Related Articles

Latest Articles