Saturday, May 18, 2024
spot_img

പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ നാളെ പ്രഖ്യാപിക്കും: ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍

ഇസ്ലാമാബാദ്: നാടകീയ നീക്കങ്ങള്‍ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (imran khan) പുറത്തേക്ക് പോയ സാഹചര്യത്തിൽ പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ നാളെ അറിയാം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഇമ്രാന്‍ ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയില്‍ നാളെ നടക്കുമെന്ന് ആക്ടിങ് സ്പീക്കര്‍ അറിയിച്ചു.

അതേസമയം അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെയാണ്, മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആക്ടിങ് സ്പീക്കറായി ചുമതലയേറ്റത്. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നാളെ ചേരുന്ന ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ടിങ് നടക്കുമെന്നും അയാസ് സാദിഖ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ദേശീയസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഈ അവിശ്വാസ പ്രമേയം പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായത്. എന്നാൽ വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാകിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. 342 അംഗ പാര്‍ലമെന്റില്‍ 174 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.

‘അവസാന പന്തുവരെ കളി തുടരുമെന്നു’ പ്രഖ്യാപിച്ച ഇമ്രാൻ, നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താകുന്നത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രി തന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾവിട്ടുനിന്നു. സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്.

അതേസമയം നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇമ്രാന്‍ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്‍റെ അനുയായികള്‍ പ്രതിഷേധിച്ചു. അതിനിടെ അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇമ്രാന്‍ ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കി. വിമാനത്താവളങ്ങളില്‍ അതിജാഗ്രത നിർദ്ദേശിച്ചിരിക്കുകയാണ്.

Related Articles

Latest Articles