പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മണ്ഡലമാണ് പാലാ. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേർ മത്സര രംഗത്തുണ്ട്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്.
മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തിൽപ്പെട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 27നാണ് വോട്ടെണ്ണൽ. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിൽ പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

