പാലക്കാട്: ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുര്‍വേദ സ്ഥാപനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്.
സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പത്തിലധികം സിം കാര്‍ഡുകള്‍, അഡ്രസ് എഴുതിയ നോട്ടുബുക്കുകള്‍ എന്നിവ കണ്ടെത്തി. ഇവ പരിശോധനക്കായി പിടിച്ചെടുത്തു. സമാനമായ കേസിൽ കോഴിക്കോട്ട് പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെന്ന വിവരം ലഭിച്ചെന്നാണ് വിവരം.
കുഴല്‍മന്ദം കൊളവന്‍മൊക്ക് ഹുസൈനാണ് മരുന്ന് കട നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മൊയ്ദീന്‍ കോയയെ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുൻപ് തൃശ്ശൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

