Friday, January 2, 2026

ബസുകളുടെ മത്സരയോട്ടം കുരുക്കിലേക്ക്! പാലക്കാട്- ഗുരുവായൂർ റൂട്ടിലെ ബസുകൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്; സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

പാലക്കാട്: ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി ആരംഭിച്ച് എംവിഡി. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ ബസുകളുടെ മത്സരയോട്ടം തടയാനാണ് മോട്ടോർവാഹന വകുപ്പ് നടപടി ആരംഭിച്ചത്. സ്വകാര്യ ബസുകൾ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിത വേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത വേഗതയ്‌ക്ക് പൂട്ടിടാൻഒരുങ്ങിയിരിക്കുന്നത്.

ഇന്ന് മുതൽ ഏഴ് ദിവസം ഈ റൂട്ടിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തും. അമിതവേഗതയാകും പ്രധാനമായും നിരീക്ഷിക്കുന്നത്. ഇതിന് പുറമേ എയർ ഹോണിന്റെ ഉപയോഗം, കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എക്‌സ്ട്രാ ഫിറ്റിംഗ്‌സുള്ള ബസുകൾക്കെതിരെയും നടപടി സ്വീകരിക്കും.

അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നേരത്തെ യുവതി തടഞ്ഞ രാജപ്രഭ ബസിലെ കണ്ടക്ടറുടെയും, ഡ്രൈവറുടെയും ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പട്ടാമ്പി ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് അമിത വേഗതയിൽ സഞ്ചരിച്ച ബസ് ഇരു ചക്രവാഹന യാത്രികയായ യുവതി തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles

Latest Articles