Monday, May 13, 2024
spot_img

മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി; ആര്യാടൻ ഷൗക്കത്ത് കെപിസിസി അച്ചടക്ക സമിതിക്കുമുന്നിൽ നാളെ ഹാജരാകണം; അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം ഷൗക്കത്തിന്റെ ഭാഗം കേട്ടതിനുശേഷം

തിരുവനന്തപുരം : കെപിസിസിയുടെ മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഇന്ദിരാ ഭവനില്‍ ചേരുന്ന അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം എടുക്കുമെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

നേരത്തെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ ഇവരെ വിളിച്ച് ഡിസിസി നടത്തിയ പരിപാടിക്ക് സമാന്തരമായി ഷൗക്കത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, വിശദീകരണത്തിൽ തൃപ്തിയില്ലാത്തതിനാൽ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് നിന്നും ആര്യാടൻ ഷൗക്കത്തിനെ മാറ്റിയിരുന്നു.

കനത്ത മഴയിലും വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന കെപിസിസി മുന്നറിയിപ്പിനെത്തുടർന്ന് പരിപാടിയിൽ നിന്ന് കൂടുതൽ നേതാക്കൾ പിന്മാറിയിരുന്നു. എന്നാൽ പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന നിലപാടിലായിരുന്നു ആര്യാടൻ ഫൗണ്ടേഷൻ. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കി.

ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലയിൽ സമാപിച്ചു. നേരത്തെ, ഡിസിസി പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന്‍ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു

Related Articles

Latest Articles