Sunday, April 28, 2024
spot_img

പിറന്നാൾ ദിനത്തിൽ സെഞ്ചുറി മധുരം !ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നക്കം തികച്ച് വിരാട് കോഹ്ലി; ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡിനോടൊപ്പം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 327 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

കൊൽക്കത്ത : പിറന്നാൾ ദിനത്തിൽ മൂന്നക്കം തികച്ച വിരാട് കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ 327 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. കരിയറിലെ തന്റെ 49–ാം സെഞ്ചുറി തികച്ച കോഹ്ലി ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെന്‍‍ഡുൽ‌ക്കർക്കൊപ്പമെത്തി. 119 പന്തുകളിൽ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്.

121 പന്തുകൾ നേരിട്ട കോലി 101 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 87 പന്തുകളിൽനിന്ന് 77 റൺസെടുത്തു. 15 പന്തുകളിൽനിന്ന് 29 റൺസെടുത്ത് രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്തി.

ഓപ്പണർമാരായ രോഹിത് ശർമയും (24 പന്തിൽ 40), ശുഭ്മന്‍ ഗില്ലും (24 പന്തിൽ 23) മികച്ച അടിത്തറയാണ് ഇന്ത്യൻ സ്‌കോർ ബോർഡിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ട് 62 റൺസാണ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്..

തകർപ്പൻ ഫോമിൽ ബാറ്റ് വീശുകയായിരുന്ന രോഹിത് ശർമയെ പുറത്താക്കി കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത്. സ്കോർ 93 ൽ നിൽക്കെ . കേശവ് മഹാരാജിന്റെ പന്തിൽ ബോൾഡായി ശുഭ്മൻ ഗില്ലും തിരികെ മടങ്ങി. പിന്നീട് ഒന്നിച്ച വിരാട് – ശ്രേയസ് അയ്യർ സഖ്യം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.എന്നാൽ ലുങ്കി എൻഗിഡിയുടെ പന്തിൽ മർക്റാമിനു പിടികൊടുത്ത് അയ്യർ മടങ്ങി.

പിന്നീടിറങ്ങിയ കെ.എൽ. രാഹുലിനും (17 പന്തിൽ എട്ട്), സൂര്യകുമാർ യാദവിനും (14 പന്തിൽ 22) തിളങ്ങാനായില്ല. ശ്രദ്ധയോടെ, അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി കളിച്ച കോഹ്ലി 119 പന്തുകളിൽ നിന്നാണ് പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്‍രെയ്സ് ഷംസി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

Related Articles

Latest Articles