കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 30-ന് കേസ് വീണ്ടും പരിഗണിക്കും. സർവീസ് റോഡുകളുടെ മോശം അവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് കോടതിയുടെ നടപടി. സർവീസ് റോഡുകളിൽ സ്ഥിരമായ നിരീക്ഷണ സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചെങ്കിലും, നിലവിലെ സാഹചര്യം വിലയിരുത്തി കോടതി ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഒപ്പം കേസ് പരിഗണിക്കുന്നത് ഈ മാസം 30-ലേക്ക് മാറ്റുകയും ചെയ്തു.തകർന്ന റോഡുകൾ നന്നാക്കാതെ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി കഴിഞ്ഞ തവണയും വ്യക്തമാക്കിയിരുന്നു. ഇന്നും സമാന നിലപാടാണ് കോടതി സ്വീകരിച്ചത്.
ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തൃശ്ശൂർ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നിട്ടുണ്ടെന്നും അടിപ്പാത നിർമ്മാണത്തിനായി മണ്ണ് മാറ്റിയതിനാൽ റോഡ് ഇടിഞ്ഞ് താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ കമ്പനിയോട് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും കളക്ടർ കോടതിയെ അറിയിച്ചു.ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ടോൾ പിരിവ് വിലക്ക് തുടരാൻ ഉത്തരവിട്ടത്.

