തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ താണ്ഡവം തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനാൽ ഏത് സമയത്തും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഭരണകൂടം നിർദേശിച്ചു.
കോട്ടയം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നതോടെ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുകയാണ്. കോട്ടയത്ത് മീനച്ചിലാറിലൂടെ വെള്ളം കുതിച്ചെത്തുന്നതാണ് ഇപ്പോൾ ആശങ്ക വർധിപ്പിക്കുന്നത്. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ഇടുക്കി,തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
രാവിലെ നാല് മണിക്ക് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നതാണ്. ഓറഞ്ച് അലർട്ട് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

