പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പണയ സ്വർണ്ണം മോഷണം പോയിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം. ഇന്നലെവരെ മോഷണം നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു സിപിഎം ഭരണത്തിലുള്ള ബാങ്കിന്റെ അധികൃതർ. ബാങ്കിൽ സൂക്ഷിച്ചിരുന്ന 70 പവൻ പണയ സ്വർണ്ണം സിപിഎം അനുഭാവിയായ ബാങ്ക് ജീവനക്കാരൻ മോഷ്ടിക്കുന്നത് സിസിടിവി യിൽ വ്യക്തമായി പതിഞ്ഞെന്നും. തൊണ്ടിമുതൽ തിരിച്ച് ബാങ്കിൽ വയ്പ്പിച്ച് പ്രശ്നം പരിഹരിച്ചെന്നുമാണ് ഇപ്പോൾ സിപിഎം നിലപാട്. എന്നാൽ ഇടപാടുകാരുടെ സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരനെതിരെ ബാങ്ക് പരാതി നൽകാത്തതുകാരണം കേസെടുത്തിട്ടില്ലെന്ന പോലീസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനായ അർജുൻ പ്രമോദ് ആണെന്നാണ് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. അർജുൻ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർദ്ദേശിച്ചതായും ഏരിയ സെക്രട്ടറി ജ്യോതിലാൽ വെളിപ്പെടുത്തി. ബാങ്കിൽനിന്ന് സ്വർണ്ണം മോഷണം പോയിട്ടില്ല എന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞതിന് പിന്നാലെയാണ് മോഷണം നടന്ന വിവരം പാർട്ടി ഏരിയ സെക്രട്ടറി സ്ഥിരീകരിച്ചത്. സിപിഎം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന തിരിമറികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തളം സഹകരണ ബാങ്കിലേത്.

