Tuesday, May 21, 2024
spot_img

കുടി നിർത്താനായി ഡി അഡിക്ഷൻ സെന്ററിലാക്കാൻ തീരുമാനിച്ച് വീട്ടുകാർ; ആംബുലൻസ് എത്തിയതോടെ യുവാവ് രക്ഷപ്പെടാനായി ഓടി കയറിയത് തെങ്ങിൻ മുകളിൽ: താഴെ ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല, നാട്ടുകാരെയും ഫയർഫോഴ്‌സിനെയും മുൾമുനയിൽ നിർത്തി യുവാവ്

പന്തളം: വീട്ടുകാർ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകുന്നത് തടയാൻ യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിൽ. യുവാവിനെ താഴെ ഇറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ലാതെ അഗ്നിരക്ഷാസേനയും നാട്ടുകാരും. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിൻ മുകളിൽ നിലയുറപ്പിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് അടൂർ ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ പറഞ്ഞു. അഗ്നിരക്ഷാസേനയും നാട്ടുകാരും ഒരുമിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

മണിക്കൂറുകളോളം ശ്രമം തുടർന്നെങ്കിലും യുവാവ് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി. സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാൽ ഇറങ്ങാമെന്നായിരുന്നു യുവാവിന്റെ അടുത്ത നിലപാട്. അഗ്നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി.

വൈകിട്ട് അഞ്ചോടെ മഴ പെയ്തെങ്കിലും യുവാവ് ഇറങ്ങാൻ തയാറായില്ല. മഴ നനഞ്ഞ് തെങ്ങിൻ മുകളിൽ തന്നെയിരുന്ന യുവാവിനെ പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച്‌ ഇറക്കാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമവും വിഫലമാവുകയായിരുന്നു. തുടർന്ന് അനുനയിപ്പിച്ചും ശാസിച്ചും ശ്രമം തുടർന്നെങ്കിലും യുവാവ് കൂട്ടാക്കിയില്ല.

രാത്രി 9.30 ആയപ്പോൾ യന്ത്രം ഉപയോഗിച്ച് മറ്റൊരാൾ തെങ്ങിൽ കയറി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും യുവാവ് ഭീഷണിപ്പെടുത്തിയതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്ത് തുടരുന്നുണ്ട്. യുവാവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഒരു വർഷം മുൻപു നരിയാപുരത്ത് സമാനമായ രീതിയിൽ ഇയാൾ തെങ്ങിൽ കയറി പരിഭ്രാന്ത്രി സൃഷ്ടിച്ചിട്ടുണ്ട്. അടൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നായി 20-ഓളം സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.

ഇയാളെ അനുനയിപ്പിക്കാന്‍ ഇപ്പോഴും നീക്കം നടക്കുകയാണെങ്കിലും യുവാവ് ഇതിനോടൊന്നും പ്രതികരിക്കുന്നില്ല. തെങ്ങിലേക്ക് കയറാന്‍ ശ്രമിച്ചവരെ മടലും മറ്റും പറിച്ചെടുത്ത് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. രാധാകൃഷ്ണന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ആരൊക്കെ വിളിച്ചിട്ടും ഇയാള്‍ ഫോണെടുക്കാനും കൂട്ടാക്കുന്നില്ല.

Related Articles

Latest Articles