Saturday, September 19, 2026

പാനൂർ ബോംബ് സ്ഫോടനം !കേന്ദ്ര ഏജന്‍സി അന്വേഷണമാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചെന്ന് കണ്ടെത്തിയിട്ടും കേസില്‍ യുഎപിഎ ചുമത്താന്‍ പോലീസ് ഇതുവരെ തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഷാഫി പറമ്പില്‍പരാതിയിൽ പറയുന്നു.

“പരിക്കേറ്റ ഒരാള്‍ മരിച്ച ശേഷം മാത്രമാണ് കൊലപാതകക്കുറ്റമെങ്കിലും ചുമത്താന്‍ തയാറായത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നതിന്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയിട്ടും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണത്തേക്കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയേക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറാകുന്നില്ല. കൂത്തുപറമ്പിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ ബോംബ് നിര്‍മ്മിക്കുന്ന കൂടുതല്‍ ഇടങ്ങളുണ്ടെന്നും ഇവ സിപിഎം നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി യുഡിഎഫ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് സിപിഎം ബോംബ് നിര്‍മ്മിക്കുന്നത്” – പരാതിയിൽ ഷാഫി പറമ്പിൽ ആരോപിക്കുന്നു.

നേരത്തെ പാനൂര്‍ ബോംബ് സ്‌ഫോടന കേസ് എന്‍ഐഎ. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസിലുള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുകയറ്റുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു

Related Articles

Latest Articles