Sunday, May 19, 2024
spot_img

പാനൂർ ബോംബ് നിർമ്മാണം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടു; ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാക്കാൻ ശ്രമിച്ചു; റിമാൻഡ് റിപ്പോർട്ട്‌ പുറത്ത്

കണ്ണൂര്‍: പാനൂർ ബോംബ് നിർമ്മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമ്മാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താന്‍ പോലീസ് ശുപാർശ നൽകിയേക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.

Related Articles

Latest Articles