ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ സമയത്ത്, അംഗങ്ങള്‍ക്ക് ഭരണ ഘടനയുടെ പകർപ്പ് നല്‍കിയിരുന്നു. ഈ കോപ്പികളില്‍ ചിലതിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. എന്നാൽ ഇപ്പോഴിതാ, ഇതിന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഈ രണ്ടും എഴുതിച്ചേർത്തത് ഇന്ദിരാഗാന്ധി ആണെന്നും അത് അടിയന്തിരാവസ്ഥക്കാലത്ത് ആണെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
തൊഴുത്തിൽ കുത്ത് മുന്നണി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. ഭരണഘടനയിൽ നിന്ന് മതേതരത്വം പുറത്ത് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഗൃഹ പ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ സ്മരണിക കിറ്റിൽ നൽകിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്നാണ് ആരോപണം. എന്നാൽ അതിന്റെ യാഥാർഥ്യം ഇങ്ങനെയാണ്. രണ്ട് കാലഘട്ടത്തിൻ്റെ പ്രതീകമായി അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന. അംബേദ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തതെന്നും അത് പൊക്കി പിടിച്ചാണ് പുതിയ നാടകമെന്നും സന്ദീപ് വാചസ്പതി തുറന്നടിച്ചു. കൂടാതെ, ഒരു കാര്യത്തിൽ നന്ദിയുണ്ട് സാറേ, നിങ്ങളുടെ ഓരോ നാടകം കഴിയുന്തോറും നാട്ടുകാർ യാഥാർഥ്യം തിരിച്ചറിയുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്നത് ഭാരതത്തിന്റെ ഒരു ചികിത്സാ രീതിയാണ് എന്നാണ് ഒരാൾ പോസ്റ്റിനു കമന്റായി കുറിച്ചിരിക്കുന്നത്. അതാണ് ശരിക്കും ഇന്ത്യയുടെ ഭരണഘടന. ഇന്ദിരയെഴുതിയത് മാരണഘടന എന്നാണ് മറ്റൊരു കമന്റ്. എന്തായാലും പ്രതിപക്ഷം ചെയ്യുന്ന ഓരോ കാര്യങ്ങളും അവരുടെ തന്നെ അടിവേരിളക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ഭാരതം സാക്ഷ്യം വഹിക്കുന്നത്.

