Monday, May 20, 2024
spot_img

പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി; ജയിൽ മോചനം പതിനൊന്ന് മാസങ്ങൾക്ക് ശേഷം

പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി ഗ്രീഷ്മയുടെ അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.

അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടന്ന് വിലയിരുത്തിയാണ് കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയത്. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. മറ്റൊരു വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയും തുടർന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25 ന് മരിക്കുകയും ചെയ്തു.

ഷാരോണിന്റെ കുടുംബം പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും അറസ്റ്റുചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ മൂവരും കുറ്റംസമ്മതിച്ചു.ഇതിന് മുന്‍പ് ജ്യൂസില്‍ ഗുളിക കലര്‍ത്തിയും പ്രതി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

Related Articles

Latest Articles