കൊച്ചി : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവരെയും സിപിഎം പാർട്ടിയെയും പ്രതിചേർത്താണ് കുറ്റപത്രം എറണാകുളം പിഎംഎൽഎ കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളിൽനിന്ന് കണ്ടുകെട്ടിയിരുന്നു. കേരള ബാങ്ക് പ്രസിഡന്‍റ് എ.കെ. കണ്ണൻ, പി. ബിജു എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവരെ ചോദ്യംചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അസിസ്റ്റന്‍റ് ഡയറക്‌ടർ നിർമൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.

