പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ സിപിഐഎമ്മിനുള്ളില്‍ അമര്‍ഷം പുകയുന്നു. എ. പത്മകുമാര്‍ നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം മാത്രമല്ല ജില്ലയിലെ പാര്‍ട്ടിയുടെ അന്തകന്‍ ആണ് എ. പത്മകുമാര്‍ എന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ഭീഷണി പ്രചാരണങ്ങള്‍ക്ക് വഴങ്ങരുത്. എന്ത് വെളിപ്പെടുത്തല്‍ വന്നാലും പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായതില്‍ കൂടുതല്‍ നഷ്ടം വരാനില്ല. രാഷ്ട്രീയ സ്വാധീനവും ഭക്തിയും പറഞ്ഞാണ് ശബരിമലയിലെ തട്ടിപ്പ് നടത്തിയത് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് കമ്മിറ്റിയിൽ ഉയർന്നത്. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ നേതൃത്വത്തെ അറിയിക്കുമെന്നും നീതിപൂര്‍വമായ നടപടിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
എന്നാൽ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിച്ചെന്നാണ് പത്മകുമാറിന്റെ സുഹൃത്തുക്കള്‍ വിലയിരുത്തുന്നത്. പാർട്ടി നടപടി ലഘൂകരിച്ചത് ആശ്വാസം പ്രകടിപ്പിക്കുന്ന ഇവര്‍ തല്‍ക്കാലം സംയമനം പാലിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശബരിമല യുവതി പ്രവേശത്തില്‍ അടക്കം നിരവധി കാര്യങ്ങള്‍ ആത്മകഥയില്‍ പറയുമെന്ന് പത്മകുമാര്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ചില ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള തുറന്നുപറച്ചിലും പത്മകുമാര്‍ നടത്തുകയും ചെയ്തു. പാര്‍ട്ടിയുടെ കടുത്ത നടപടി തനിക്കെതിരെ ഉണ്ടാകുമെന്ന ഘട്ടത്തിലായിരുന്നു പത്മകുമാര്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. പത്മകുമാറിനെ സംസ്ഥാന നേതൃത്വം പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റി തയ്യാറായില്ല. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതിനൊപ്പം സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചത്.
അതേസമയം എ.പത്മകുമാറിന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്നില്ലെങ്കിലും എസ്‌ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കാം എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. എന്തായാലും പത്മകുമാറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നേതാക്കള്‍ കൂടുതല്‍ പ്രതികരണം ഇതുവരെ നടത്തിയില്ല.

