കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്‌തകത്തിന്റെ രചനയില്‍നിന്നു പിന്മാറിയതായി വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോ. ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ച യു.എസിന്റെ ഇതിഹാസ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റെ പ്രേരണയിലാണു താന്‍ പുസ്‌തകം എഴുതാന്‍ തുടങ്ങിയത്.
ബ്രയന്റ് മരിച്ചതോടെ എഴുതാനുള്ള കാരണം നഷ്‌ടമായെന്നും പൗലോ കോയ്‌ലോ വ്യക്‌തമാക്കി. ആല്‍കെമിസ്‌റ്റ് എന്ന നോവലിലൂടെയാണു ബ്രയന്റ് തന്റെ ആരാധകനായതെന്നു കോയ്‌ലോ അനുസ്‌മരിച്ചു. പുസ്‌തകത്തിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഒരുമിച്ച് ഒരു പുസ്‌തകം ഇറക്കണമെന്ന ആവശ്യവുമായി കോബി ബ്രയന്റ് തന്നെ സമീപിച്ചത്. രചനയുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടു പോയി.
ബ്രയന്റിനോടുള്ള അനുസ്‌മരണമായി പുസ്‌തകം പൂര്‍ത്തിയാക്കണമെന്നു ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. കോബി ബ്രയന്റെ അഭാവത്തില്‍ പുസ്‌തകം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമില്ലെന്നു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണു കോയ്‌ലോ വ്യക്‌തമാക്കിയത്. നിരാലംബരായ കുട്ടികള്‍ക്കു മുന്നില്‍ കായിക ലോകം തുറന്നു കാണിക്കുകയായിരുന്നു കോബി ബ്രയന്റെ ലക്ഷ്യം.

