കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം സ്വദേശിയായ മഹേഷ് കുമാറാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. യാത്രക്കാരിയായ വിദ്യാര്‍ഥിനിയോട് താന്‍ മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് മഹേഷിന്റെ വിശദീകരണം.
പറവൂര്‍ സ്റ്റാന്‍ഡില്‍ നിന്നും എറണാകുളം ജെട്ടിയിലേക്ക് പോവുകയായിരുന്ന ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചംഗ വിദ്യാര്‍ഥി സംഘമാണ് ബസില്‍ കയറിയത്. വള്ളുവള്ളിയിലേക്ക് രണ്ടു ടിക്കറ്റ് ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ അനിയനാണെന്നാണ് വിചാരിച്ചതെന്നും, ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയാണെന്ന് മനസ്സിലാകാതിരുന്നതിനാലാണ് പുരുഷന്മാര്‍ക്കുള്ള ടിക്കറ്റ് നല്‍കിയതെന്നും മഹേഷ് പറയുന്നു. എന്നാല്‍ താന്‍ പെണ്‍കുട്ടിയാണെന്ന് വിദ്യാര്‍ഥിനി പറഞ്ഞയുടന്‍ തന്നെ സൗജന്യ ടിക്കറ്റ് മാറ്റി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ‘നിന്നെ കണ്ടാല്‍ പെണ്‍കുട്ടിയായി തോന്നുന്നില്ല, സീറോ ടിക്കറ്റ് തരാന്‍ കഴിയില്ല’ എന്ന് പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടര്‍ ആക്ഷേപിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി മഹേഷിനെ സസ്പെന്‍ഡ് ചെയ്യുകയും പറവൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ 24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം ആരോപണങ്ങളോ പരാതികളോ ഉയര്‍ന്നിട്ടില്ലെന്ന് മഹേഷ് കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

