Wednesday, April 24, 2024
spot_img

വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസ്; ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസിൽ കോട്ടയം കറുകച്ചാൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്നുമാണ് പ്രതി പണം തട്ടിയത്. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

ബുധനാഴ്ച പെൻഷൻ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് അരുൺ പിടിയിലാകുന്നത്. കറുകച്ചാൽ സബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ അരുൺ നെയ്യാറ്റിൻകര ട്രഷറിയിൽ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് ചെക്കിന്‍റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി പണം കൈപ്പറ്റിയത്.

പെൻഷൻ ലഭിക്കാത്തതിൽ കമലമ്മ പരാതി നൽകിയതോടെ, ട്രഷറി ജോയിന്‍റ് ഡയറക്ടർ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അരുൺ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. തുടർന്ന് അരുണിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പെൻഷണറുടെ അറിവോ അനുമതിയോ കൂടാതെ പണം പിൻവലിച്ചതിനാണ് നടപടി.

നെയ്യാറ്റിൻകര സബ് ട്രഷറിയിലെ ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാഖ്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‍ന എന്നിവരേയും നോട്ടപ്പിശകിന് സസ്പെൻ‍ഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles