Tuesday, September 22, 2026

ഇറാന്റെ സൈനിക കരുത്ത് തകർന്നിട്ടില്ലെന്ന് പെന്റഗൺ; ട്രമ്പിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടി

വാഷിങ്ടൺ : ഇറാൻ സൈനിക ശക്തി പൂർണ്ണമായും തകർന്നു എന്ന അമേരിക്കൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്ന പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്ത്. ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട ശേഷികൾ ഇപ്പോഴും സുരക്ഷിതമാണെന്നും അവർ ഇപ്പോഴും ശക്തമായ ഒരു പ്രാദേശിക സൈനിക ശക്തിയായി തുടരുന്നുവെന്നുമാണ് പെന്റഗൺ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ വിലയിരുത്തൽ.

എൻബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ നേരത്തെ നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ് പെന്റഗണിന്റെ കണ്ടെത്തലുകൾ. ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായി തകർന്നു എന്നതടക്കമുള്ള അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങൾ വസ്തുതാപരമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ സൈനിക സംവിധാനങ്ങൾക്ക് തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയുടെ അടിസ്ഥാനപരമായ കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പെന്റഗൺ വിലയിരുത്തുന്നത്.

അമേരിക്കയുടെ വെടിനിർത്തൽ നീട്ടിവയ്ക്കാനുള്ള നീക്കത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദി രംഗത്തെത്തി. തോൽക്കുന്ന പക്ഷത്തിന് നിബന്ധനകൾ വെക്കാൻ അർഹതയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വെടിനിർത്തൽ നീട്ടൽ അർത്ഥശൂന്യമാണെന്നും, അമേരിക്കൻ ഉപരോധം തുടരുന്നത് തുടർച്ചയായ ആക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. അമേരിക്കയുടെ ഈ നീക്കം സമയം ലാഭിക്കാനുള്ള തന്ത്രമാണെന്നും, ഇതിനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ നയങ്ങൾക്കെതിരെ ഇറാൻ കൂടുതൽ കടുപ്പിച്ച നിലപാടിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് മൊഹമ്മദിയുടെ പ്രതികരണം നൽകുന്നത്.

Related Articles

Latest Articles