പെരിന്തല്‍മണ്ണ: ഗുഡ്‌സ് ഓട്ടോയില്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശരീരത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് പിതാവായ മുഹമ്മദ് വാഹനത്തിന് തീയിട്ടത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയില്‍ സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയെയും പൂട്ടിയിട്ടായിരുന്നു തീകൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ഉഗ്രശബ്ദത്തില്‍ വന്‍സ്ഫോടനത്തോടെ വാഹനം പൊട്ടിത്തെറിച്ചു. മുഹമ്മദ് പുറത്തുചാടി തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി.
ഇതിനിടയിലായിരുന്നു അഞ്ചുവയസുകാരി അത്ഭുതകരമായി വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ ഉടന്‍ അയല്‍വാസികള്‍ രക്ഷിച്ച് തീയണച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. ഭാര്യ ജാസ്മിനും മകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഗുരുതരമായ പൊള്ളലോടെ ഓട്ടോയില്‍നിന്ന് രക്ഷിച്ച അഞ്ചു വയസുകാരിയെ ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മലപ്പുറം കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്(52) കൃത്യം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

