Wednesday, September 30, 2026

വീണ്ടും മുങ്ങി മരണം: ചാവക്കാട് കായലില്‍ ചെളിയില്‍ പൂണ്ട് മൂന്ന് കുട്ടികള്‍ മരിച്ചു

തൃശൂര്‍: തൃശൂർ ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ചെളിയില്‍ പൂണ്ടാണ് അപകടം. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16), മുഹ്‌സിന്‍( 16), വരുണ്‍ (16) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ടോടെ ഒരുമനയൂരിലാണ് സംഭവം. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. അതിൽ രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. എന്നാൽ മൂന്ന് കുട്ടികള്‍ ചെളിയില്‍ പൂണ്ടു പോകുകയായിരുന്നു. നാട്ടുകാര്‍ എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഇന്ന് ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളാണ് മരിച്ചവർ. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16) എന്നിവരാണ് മരിച്ചത്.

കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നാലു കുട്ടികളാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്. തുടർന്ന് ഇരുവരും ഒഴുക്കിപ്പെട്ട് കാൽ വഴുതി വീണ് മുങ്ങിത്താഴുകയായിരുന്നു.

തുടർന്ന് മറ്റ് കുട്ടികളുടെ ശബ്‌ദം കേട്ട് മുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തി രണ്ടു പേരെയും പുറത്തെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ഒരു കുട്ടിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.

Related Articles

Latest Articles