കണ്ണൂർ: പെരിയ കേസിലെ പ്രതികളെ വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റി. ബന്ധുക്കളെ കാണാനുള്ള സൗകര്യാർത്ഥം കണ്ണൂരിലേക്ക് മാറ്റണം എന്ന പ്രതികളുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി. എന്നാൽ ജയിൽ മാറ്റത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. പ്രതികളെല്ലാം സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് കണ്ണൂർ ജയിലിലേയ്ക്ക് മാറ്റിയത്. അതീവ സുരക്ഷയിലാണ് പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കണ്ണൂരിലെ പ്രാദേശിക സിപിഎം പ്രവർത്തകർ പ്രതികളെ ജയിലിനു പുറത്ത് മുഷ്ട്ടി ചുരുട്ടി അഭിവാദ്യം ചെയ്‌തു. പ്രതികളെ കണ്ണൂർ ജയിൽ പരിസരത്ത് കൊണ്ടുവരുന്ന സമയത്ത് സിപിഎം നേതാവ് പി ജയരാജനും ഉണ്ടായിരുന്നു. പുറത്തിറങ്ങാതെ കാറിൽ തന്നെയിരുന്നു ജയരാജൻ പ്രതികൾ അകത്തു കയറിയതോടെ മടങ്ങിപ്പോകുകയായിരുന്നു.
ഇന്നലെയാണ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകം , ഗൂഢാലോചനയടക്കം രണ്ട് കുറ്റങ്ങൾക്ക് ജീവപരന്ത്യം ശിക്ഷ ഉണ്ടെങ്കിലും രണ്ടും ഒന്നിച്ചനുഭവിച്ചാൽ മതി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

