ദില്ലി : ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. ഒയോ ഹോട്ടലുകള്‍ക്കായി അവതരിപ്പിച്ച പുതിയ ചെക്ക്-ഇന്‍ പോളിസിയിലാണ് അവിവാഹിതരായ പങ്കാളികൾക്ക് ഇനി ചെക്ക് ഇൻ ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് . കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതുക്കിയ നയം അനുസരിച്ച്, ചെക്ക്-ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹജരാക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ ബുക്കിങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തില്‍ പറയുന്നു. നേരത്തെ അവിവാഹിതരായ കപ്പിള്‍സിന് മുറി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളില്‍ നിന്നും ജനകീയ കൂട്ടായ്മകള്‍ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്

