Friday, May 3, 2024
spot_img

പെരിയ കൊലപാതകം: പിടിയിലായ പ്രതികൾക്ക് കൊലയിൽ നേരിട്ട് ബന്ധം; പാര്‍ട്ടി ബന്ധമുറപ്പിച്ച്‌ സി.ബി.ഐ

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അറസ്‌റ്റുചെയ്‌ത അഞ്ചു പ്രതികള്‍ക്കും കൊലപാതകവുമായി നേരിട്ട്‌ ബന്ധമെന്ന്‌ അന്വേഷണസംഘം. വ്യക്തമായ രാഷ്ട്രീയ കൊലപാതകമാണെന്ന കണ്ടെത്തലിലാണ് സി.ബി.ഐ. തുടർന്ന് പ്രതിപ്പട്ടികയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗംവരെ ഉള്‍പ്പെട്ടു. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച്‌ സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്‌താ മധു, ഹരിപ്രസാദ്‌, റെജി വര്‍ഗീസ്‌ എന്നിവരാണ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്‌.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയ പതിനാല് പ്രതികള്‍ക്ക് പുറമേ സി.ബി.ഐ. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ചുപ്രതികള്‍ക്കും കൊലയില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഉദുമ മുന്‍ എം.എല്‍.എ: കെ. വി.കുഞ്ഞിരാമനും പ്രാദേശിക നേതാക്കളായ പനയാല്‍ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരന്‍, വെളുത്തോളി രാഘവന്‍ എന്നിവരും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാലാണ് പ്രതിപട്ടികയിലായത്. കൊലയില്‍ നേരിട്ട് ബന്ധമുള്ള ചിലര്‍പ്രതിപട്ടികയിലുള്‍പ്പെടാതെ പുറത്തു വിലസുണ്ടെന്നുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റ് അഞ്ചുപേരുടെയും പേരില്‍ ചുമത്തിയ കുറ്റങ്ങള്‍.

അതേസമയം കേസിൽ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതികള്‍. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ഇന്നലെയാണ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 10 പേരെ സിബിഐ കേസില്‍ പ്രതിചേര്‍ത്തത്.

കേസില്‍ ഇരുപതാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍. സിബിഐ ആദ്യം അറസ്റ്റുചെയ്ത അഞ്ചു പ്രതികള്‍ കൊലപാതക കേസില്‍ ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല കൊലപാതകം നടക്കുമ്പോള്‍ സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച്‌ ഓഫീസിന്റെ ചുമതലക്കാരനായിരുന്നു അറസ്‌റ്റിലായ പി. രാജേഷ്‌ എന്ന രാജു. കൊലനടന്ന അന്ന് വൈകിട്ട്‌ ബ്രാഞ്ച്‌ ഓഫീസില്‍ നടന്ന യോഗത്തില്‍ രാജുവും പങ്കെടുത്തതായി ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച്‌ സംഘത്തിനു വിവരം ലഭിച്ചിരുന്നു.

അതേസമയം അക്രമിസംഘം എത്തിയ വാഹനങ്ങളിലൊന്ന്‌ ഓടിച്ചത്‌ ശാസ്‌താ മധുവാണ്‌. അക്രമിസംഘം ആദ്യമെത്തി കാത്തിരുന്നത് മധുവിന്റെ വീട്ടിലാണ്‌ എന്നും പറയുന്നു. മധുവിന്റെ വീടിനു സമീപത്തുനിന്നാണ്‌ കൊലയ്‌ക്കുശേഷം അക്രമികള്‍ ഒളിപ്പിച്ച ആയുധങ്ങളില്‍ ചിലതു കണ്ടെത്തിയതും. കൂടാതെ അറസ്‌റ്റിലായ സുരേന്ദ്രന്‍ മുഖ്യപ്രതി എ.പീതാംബരന്റെ സന്തതസഹചാരിയായിരുന്നു. ഇയാള്‍ക്കും കൊലപാതകത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നെന്നാണ്‌ സി.ബി.ഐ കണ്ടെത്തല്‍. മാത്രമല്ല ഇലക്‌​‍ട്രീഷ്യനും പ്ലംബറുമായ റെജി വര്‍ഗീസാണ്‌ എര്‍ത്ത്‌ പൈപ്പായി ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പ്‌ അക്രമികള്‍ക്കു കൈമാറിയത്‌.

എന്നാൽ, കൊലപാതകത്തിൽ കൂട്ടുനിന്ന ഈ മൂന്നുപേരെയും ക്രൈംബ്രാഞ്ച്‌ സാക്ഷിപ്പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പ്രതികള്‍ക്കു പങ്കുണ്ടെന്നു വ്യക്‌തമായതോടെയാണ്‌ ഇപ്പോഴുണ്ടായ അറസ്‌റ്റിൽ എത്തിയത്. ഈ കേസിനായി സി.ബി.ഐ മുന്നൂറിലേറെ പേരെയാണ്‌ ചോദ്യംചെയ്‌തത്‌. തുടർന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ്‌ സി.ബി.ഐ എസ്‌.പി നന്ദകുമാര്‍ നായരും സംഘവും അറസ്‌റ്റ്‌ നടത്തിയതും മുന്‍ എം.എല്‍.എ. അടക്കം പാര്‍ട്ടിയുടെ ഉന്നതരെ പ്രതിചേര്‍ത്തതും.

സിപിഎമ്മുകാർ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങള്‍ നല്‍കിയ അപേക്ഷ പലവട്ടം അവഗണിച്ച സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് സി.ബി.ഐ നടപടി. അവര്‍ നല്‍കിയ ഹര്‍ജിക്കെതിരേ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകരെ എത്തിക്കാന്‍ ലക്ഷക്കണക്കിനു രൂപയാണ്‌ സര്‍ക്കാര്‍ ചെലവിട്ടതും.

അതേസമയം ഇരട്ടക്കൊലക്കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും വിവിധ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സി.ബി.ഐ. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതോടെ ഈ സംശയങ്ങള്‍ക്കുള്ള ഉത്തരമായിരിക്കുകയാണ്. കുറ്റപത്രത്തിലെ പത്താം പ്രതി കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് അറസ്റ്റിലാകുന്നത് ആറാം പ്രതി ശ്രീരാഗിന്റെ ഫോണില്‍ ഇയാള്‍ വിളിച്ചുവെന്നതിനാണ്.

കൊല നടക്കുന്നത് 2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ്. ഈ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ശ്രീരാഗ്. ഇതിനു മൂന്നുമിനിറ്റ് മുന്‍പാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണില്‍ വിളിച്ചത്. ഇതിനൊപ്പം തന്നെ ഒന്നാം പ്രതി പീതാംബരന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നു. സി.ബി.ഐ. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത സുരേന്ദ്രന്റേതായിരുന്നു ആ കോള്‍. ആറാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒന്നാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ സാക്ഷിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താത്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കൊലപാതകം നടന്ന സ്ഥലത്ത് കല്യോട്ട് കൂരാങ്കര റോഡ് തുടങ്ങുന്നിടത്തുനിന്നാണ് രഞ്ജിത്ത് ശ്രീരാഗിനെ ഫോണില്‍ വിളിച്ചത്. ശരത്‌ലാലും കൃപേഷും ബൈക്കില്‍ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് പിന്നീട് രഞ്ജിത്ത് മൊഴി നല്‍കുകയും ചെയ്തു. കൂടാതെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഗൂഢാലോചന നടന്നത് നാട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണെന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തില്‍ അന്ന് ബ്രാഞ്ച് ഓഫീസിന്റെ ചുമതലവഹിച്ച പാര്‍ട്ടി അംഗം രാജേഷ് അറസ്റ്റിലായതും ഇയാളുടെ മൊഴിയും ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിവയ്ക്കുന്നു.

ശരത്‌ലാലിനെയും കൃപേഷിനെയും അടിച്ചുവീഴ്ത്താനായി ഇരുമ്പ് പൈപ്പ് നല്‍കിയ റെജി വര്‍ഗീസിനെ ക്രൈം ബ്രാഞ്ച് സാക്ഷിപ്പട്ടികയിലൊതുക്കിയിരുന്നു. ഇക്കാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിലാണ് റെജി വര്‍ഗീസ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയുടെ ഇളയച്ഛനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാസ്താ മധു. ഇയാളുടെ വീട്ടില്‍ നിന്ന് 250 മീറ്റര്‍ തെക്കുമാറി കൂരാങ്കര റോഡിലാണ് കൊല നടന്നത്.

പ്രതികള്‍ എത്തിയ വാഹനം ഇയാളുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലുണ്ട്. എന്നിട്ടും ക്രൈംബ്രാഞ്ച് ഇയാളെ സാക്ഷിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ സി.ബി.ഐ. അന്വേഷണത്തില്‍ ശാസ്താ മധുവിനെതിരേയുള്ള തെളിവുകള്‍ കണ്ടെത്തി. ഒമ്പതാം പ്രതി മുരളി താനിത്തോടിന്റെ മൊഴിയില്‍ ഹരിപ്രസാദിന്റെയും ശാസ്താ മധുവിന്റെയും പേര് പറയുന്നുണ്ട്. ഇരുവര്‍ക്കും കൊലപാതകം സംബന്ധിച്ച് അറിയാമെന്നായിരുന്നു മൊഴി. ഇതും ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയിലുണ്ട്. എന്നിട്ടും ഇരുവരെയും ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Related Articles

Latest Articles