Sunday, June 2, 2024
spot_img

പ്ലസ് വണ്‍, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അനുമതി : ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പ്ലസ് വണ്‍ പരീക്ഷാ ഫലം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഇംപ്രൂവ്‌മെന്റ് പരീക്ഷ അവസരം ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം അധ്യാപക സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്നുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ എസ് ടി എ, കെ പി എസ് ടി എ അടക്കമുള്ള അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ പൂര്‍ത്തിയായ ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60,000ത്തോളം വിദ്യാര്‍ഥികള്‍ കമ്പാര്‍ട്ടുമെന്റല്‍ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഇപ്പോൾ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related Articles

Latest Articles