Saturday, May 4, 2024
spot_img

മാദ്ധ്യമപ്രവർത്തകർക്കെതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകർക്കെതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവണതകളെ
ശക്തമായി അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തു വന്നു. വാർത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതുകൂടി വാർത്തയിൽ നൽകുന്ന രീതിയാണ് പൊതുവേ മലയാള മാദ്ധ്യമങ്ങൾ പിന്തുടരുന്നത്.

ഏതെങ്കിലും മാദ്ധ്യമ സ്ഥാപനത്തെ പിന്തുണയ്ക്കുന്നതിൻ്റെയോ, എതിർക്കുന്നതിൻ്റെയോ ഭാഗമായി, ചില മാദ്ധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ മുമ്പ് പങ്കുവെച്ച സ്വകാര്യ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും അടക്കം ദുരുപയോഗിച്ചാണ് ഇത്തരം സംഘടിത അധിക്ഷേപമെന്നും എതിർപ്പ് സ്ത്രീകളായ മാദ്ധ്യമപ്രവർത്തകരോട് ആകുമ്പോൾ അവരെ അശ്ലീല ചുവയിലാണ് ചിലർ അധിക്ഷേപിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതെന്നും യൂണിയൻ ആരോപിച്ചു. അത്യന്തം നീചമായ ആക്രമണങ്ങൾ സ്ത്രീകളായ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്നതിൽ ശക്തമായ പ്രതിഷേധം കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. ഇത്തരം ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ല്യു ജെ പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

Related Articles

Latest Articles