Tuesday, September 22, 2026

വ്യക്തി വൈരാഗ്യം ! കൊല്ലാൻ ലക്ഷ്യം വച്ചത് സഹോദരന്റെ ഭാര്യയെ; മരിച്ചത് 12 വയസുകാരൻ മകൻ ;താഹിറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

കൊയിലാണ്ടി : ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ മുഹമ്മദലിയുടെ സഹോദരി താഹിറയെ (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കുട്ടിക്ക് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതാണ് മരണകാരണമെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

അരിക്കുളത്തെ കടയിൽനിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമിലാണ് താഹിറ വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു. അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അയൽപക്കങ്ങളിലായാണ് ഇവർ താമസിക്കുന്നത് . താഹിറയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

ഛർദിയുണ്ടായതിനെത്തുടർന്ന് കുട്ടിയെ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും പ്രവേശിപ്പിച്ചെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ കുട്ടി മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയശേഷം കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ശേഷം ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊലീസും ഫൊറൻസിക് വിഭാഗവും അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽ നിന്നും സാംപിൾ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി ചിലരെ തുടർച്ചയായി ചോദ്യം ചെയ്തു. പിന്നാലെയാണ് അന്വേഷണസംഘം പ്രതിയിലേക്ക് എത്തിയത്‌. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് താഹിറ സമ്മതിച്ചു.

Related Articles

Latest Articles