Monday, May 20, 2024
spot_img

പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് കൊടിയേറി; ഇനി നാടിനെ ഉത്സവലഹരിയിലാഴ്ത്തുന്ന പത്തു ദിനങ്ങൾ; പ്രഥമ ബാലഭദ്രാ പുരസ്ക്കാരം നിംസ് മെഡിസിറ്റി എം ഡി ഫൈസൽഖാന്

നെയ്യാറ്റിൻകര: ചരിത്ര പ്രസിദ്ധമായ പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വാർഷിക മഹോത്സവത്തിന് ഇന്നലെ തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം 06.35 ന് തൃക്കൊടിയേറ്റ് നടന്നു. മൂന്നാം ഉത്സവദിനമായ ഞായറാഴ്ച സാംസ്ക്കാരിക സമ്മേളനവും ശ്രീ ബാലഭദ്രാ പുരസ്‌ക്കാര സമർപ്പണവും നടക്കും. ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എസ് ഹരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്യും. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എം ഡി യും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനുമായ എം എസ് ഫൈസൽഖാൻ പ്രഥമ ശ്രീബാലഭദ്രാ പുരസ്ക്കാരം സ്വീകരിക്കും. അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ പുരി, ജെ ലളിതാംബിക ഐ പി എസ്, എസ് എച്ച് ഓ വി പ്രസാദ് എന്നിവർ പങ്കെടുക്കും. നാലാം ഉത്സവദിനമായ തിങ്കളാഴ്ചയാണ് സമൂഹപൊങ്കാല. അന്ന് വൈകുന്നേരമാണ് താലപ്പൊലി ഘോഷയാത്ര.

രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇക്കൊല്ലം വിപുലമായ ചടങ്ങുകളോടും കലാസാംസ്‌കാരിക പരിപാടികളോടുമാണ് വാർഷികോത്സവം നടക്കുക. പശ്ചിമ, ദക്ഷിണ, പൂർവ്വ മേഖലാ ഉത്സവ സമിതികൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാ സാംസ്ക്കാരിക പരിപാടികൾ ഇക്കൊല്ലത്തെ ഉത്സവത്തിന് പകിട്ടേകും. തിരുമല ചന്ദ്രൻ നയിക്കുന്ന മെഗാ ഷോ ആയ താരവിളയാട്ടം, ഡോ കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി, സുപ്രസിദ്ധ ഗായിക ഡോ വൈശാലി പി ബി നയിക്കുന്ന റിഥം ലൈവ് കൺസേർട്ട്, നൃത്ത പരിപാടിയായ ത്രില്ലർ 2023, മിമിക്രി മെഗാ ഷോ ആയ ഉഗ്രൻ കോമഡി മേളം, ചിന്തുപാട്ട്, നാട്ടിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ 2023, ഡി ജെ വിത്ത് ലിക്വിഡ് ഡ്രംസ് തുടങ്ങിയ കലാപരിപാടികൾ വരുന്ന പത്തു ദിവസം ഉത്സവവേദിയിൽ നിറയും.

Related Articles

Latest Articles