ദില്ലി : കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക കമ്പനി വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. രാജ്യത്തുടനീളം 175 കോടിയോള്ളം തവണ കൊവീഷീൽഡ് വാക്സീൻ ഉപയോഗിച്ചിട്ടുണ്ടെന്നും കോവിഡിന് ശേഷം ഹൃദ്യയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങൾ കൂടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക്ക, ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തത്. വാക്സീൻ സ്വീകരിച്ചവർക്ക് അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) ഉണ്ടാകാമെന്ന് അസ്ട്രാസെനക യുകെ കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നു എന്നായിരുന്നു റിപ്പോർട്ട് .
അസ്ട്രാസെനക്ക വാക്സീൻ സ്വീകരിച്ച ചിലർ മരിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന ആരോപണത്തിലാണ് കമ്പനി നിയമനടപടി നേരിടുന്നത്. കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. 100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക്ക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. വാക്സീൻ ഇത്തരം അവസ്ഥയ്ക്ക് കാരണമാകില്ലെന്നായിരുന്നു 2023ൽ കമ്പനിയുടെ നിലപാട്

