Monday, May 13, 2024
spot_img

പാഴ് വാക്കായി പിണറായിയുടെ വാഗ്ദാനം. ഇനി പ്രതീക്ഷ കണ്ണൻ ദേവൻ കമ്പനിയിൽ. പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരുമാസം

മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ അതിജീവിച്ചവർക്ക് പുതിയ വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേർ മാത്രം.

ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുനടപടിയും സർക്കാർ തുടങ്ങിയിട്ടില്ല എന്നാണ് ദുരന്തത്തിൽ പെട്ടവർ പറയുന്നത്.

തോട്ടം ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകാമെന്നാണ് ഇപ്പോൾ കളക്ടറുടെ വാഗ്ദാനം. പെട്ടിമുടി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൻദേവൻ കമ്പനിയുമായി ജില്ലാ ഭരണകൂടം നടത്താനിരിക്കുന്ന ചർച്ചയിലാണ് ഇനി പെട്ടിമുടിക്കാരുടെ പ്രതീക്ഷ.

Related Articles

Latest Articles