Sunday, May 12, 2024
spot_img

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്; തെലങ്കാന രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്

തെലങ്കാന: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. തെലങ്കാന രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത് . ഇരു സംസ്ഥാനങ്ങളിലെയും ആര്‍എസ്എസ് അടക്കമുള്ള സംഘടനകളെ ആക്രമിക്കാന്‍ പിഎഫ്‌ഐ പദ്ധതിയിട്ടെന്നാണ് തെലങ്കാന ഇന്റലിജന്‍സിന്റെ റിപ്പോർട്ട് .

പുതിയ സാഹചര്യം പരിഗണിച്ച് പിഎഫ്‌ഐയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരീക്ഷിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ചാരിറ്റികള്‍ ഉള്‍പ്പെടെയുള്ള സംഘടനകൾക്കാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

രാജ്യത്തുടനീളമുള്ള റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സെപ്തംബര്‍ 28 ന് ആയിരുന്നു പിഎഫ്‌ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഇതുകൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (RIF), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (AIIC), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (NCHRO), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയും നിരോധിച്ചു.

നിരോധനത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലും കേരളത്തിലും ഹിന്ദു സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, രാമനാഥപുരം, മധുര കന്യാകുമാരി, സേലം എന്നിവിടങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബാക്രമണം വരെ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്.

Related Articles

Latest Articles