Tuesday, May 21, 2024
spot_img

പോപ്പുലർ ഫ്രണ്ടിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും നടപടികൾ കടുപ്പിക്കുന്നു: പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റ‌ർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു

ദില്ലി: രാജ്യത്ത് പോപുലർഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും നടപടി സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റ‌ർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. പിഎഫ്ഐയുടെ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻ‌ഡ് ചെയ്തിരിക്കുകയാണ്.

എന്നാൽ, പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നിരീക്ഷണം തുടരും. ആസ്തികൾ കണ്ടുകെട്ടുന്നതും ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നതും പലയിടങ്ങളിലും നടക്കുകയാണ്. സംഘടനയിലെ നേതാക്കളെയും അനുകൂലിക്കുന്നവരെയും നിരീക്ഷിക്കാനും കേന്ദ്രം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്..

അതിനിടെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേതാക്കളുടെയും സംഘടനയുടെയും ബാങ്ക് അക്കൗണ്ടുകൾ ഇന്ന് മരവിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിന് ഇന്ന് പൂട്ട് വീഴും. കൂടതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം , ആലുവ, അടൂർ , കണ്ണൂർ, തൊടുപുഴ , തൃശ്ശൂർ , കാസർഗോഡ്, കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി എന്നിവിടങ്ങളിലെ ഓഫീസുകളും ഇന്ന് പൂട്ടും.

അതേസമയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നലെ കേരളം കനത്ത സുരക്ഷയിലാണ് . പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

ഇതിന് പുറമെ ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങളുണ്ടായ ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles