Wednesday, June 19, 2024
spot_img

‘അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം: വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; ലീഗിനോട് മുഖ്യമന്ത്രി

കണ്ണൂർ: കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ റാലിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണാറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നും കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്.

വഖഫ് ബോര്‍ഡിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത?. ഹൈസ്‌കൂള്‍ ജീവിത കാലത്ത് മരണപ്പെട്ടുപോയ പാവപ്പെട്ട തന്റെ അച്ഛനെ പറഞ്ഞത് എന്തിനാണ്. അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നത് പലഘട്ടങ്ങളിൽ ഞാൻ പറഞ്ഞിട്ടില്ലേ. ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്ത എന്നും മുഖ്യമന്ത്രി ചോദിച്ചു.

നിങ്ങള്‍ പറഞ്ഞ മറ്റ് കാര്യങ്ങളിലേക്ക് പോകുന്നില്ല. അത് ഒരോരുത്തരുടെ സംസ്‌കാരം അനുസരിച്ച് കാര്യങ്ങള്‍ പറയുന്നു. ഓരോരുത്തര്‍ കണ്ടും ചെയ്തും ശീലിച്ചതാണ് അവര്‍ പറയുന്നത്. ഇത്തരമാളുകളോട് ഒന്നേ പറയാനുള്ള. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞയാള്‍ക്ക് അതുണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ മതി. നിങ്ങളുടെ ഈ വിരട്ടല്‍ കൊണ്ട് കാര്യങ്ങള്‍ നേടി കളയമെന്ന് ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles