Sunday, May 19, 2024
spot_img

ശബരിമല കൈപ്പിടിയില്‍ ഒതുക്കാന്‍ കുതന്ത്രം മെനഞ്ഞ് ഇടത് സര്‍ക്കാര്‍: ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നു; പോലീസിന് ചുമതല

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ ശേഷിക്കേ യുവതീ പ്രവേശന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയ്യപ്പന്‍റെ പൂങ്കാവനം പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കുന്നു. യുവതി പ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിന്നും പരിസരത്തും നിന്നും വിശ്വാസികളെ കൂടുതല്‍ നേരം തങ്ങാന്‍ അനുവദിക്കാത്ത രീതിയില്‍ മാറ്റത്തിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്‍റെ നടപടി ക്രമങ്ങളും ആരംഭിച്ചു. തിരുപ്പതി മോഡല്‍ എന്നാണ് പറയുന്നതെങ്കിലും പോലീസിനു കൂടുതല്‍ ഇടപെടല്‍ അനുവദിക്കുന്ന തരത്തിലാണ് പരിഷ്‌കാരം. ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടങ്ങാനാകുമെന്നാണ് പൊലീസ് പറയുന്നത്.

ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്‍റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ എസ് ആര്‍ ടി സിയും ചേര്‍ന്നാണ് പുതിയ പദ്ധതി സജ്ജമാക്കുന്നത്. ഭാവിയില്‍ ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം. ശബരിമലയാത്ര- ദര്‍ശനം-താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്‍റെ പുതിയ സൈറ്റു വഴി മാത്രം ബുക്ക് ചെയ്യാവുന്ന തരത്തില്‍ ക്രമീകരിക്കും.

ഓരോ ഭക്തര്‍ക്കും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രയ്ക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്.

ഓണ്‍ ലൈന്‍വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ നിലയ്ക്കല്‍- പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിചേരുന്ന സമയം മുന്‍കൂട്ടി നിശ്ചയിക്കും. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത് ലഭിക്കുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഉണ്ടാക്കാനും തീരുമാനമുണ്ട്. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ നേതൃത്വത്തില്‍ പുതിയ സോഫ്റ്റ് വയര്‍ ഉണ്ടാക്കുന്നത്. ശബരിമല ദര്‍ശനം ഭാവിയില്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കാനാണു സര്‍ക്കാര്‍ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles