Sunday, May 19, 2024
spot_img

അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണ്ണന്‍ കോളേജിന് ചുറ്റും ഓടി; കെ സുധാകരന്‍ വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്തെ കഥകള്‍ പങ്കുവച്ച കെ.സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്‌നാടനത്തിന്റെ ഭാഗം മാത്രമാണെന്ന് പിണറായി പരിഹസിച്ചു.

“കെ സുധാകരന്‍ ഏതെങ്കിലും സ്വപ്നം കാണുന്നതിനെ ഞാന്‍ തടയേണ്ടതില്ലല്ലോ. സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങള്‍. അന്നത്തെ ഞാനും അക്കാലത്തെ കെ സുധാകരനും, അത് അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായിരിക്കും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാന്‍ പറ്റൂ,” മുഖ്യമന്ത്രി പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്‌ മുഹമ്മദ് കോയക്കെതിരെ കെ. സുധാകരന്‍ ചെരുപ്പെറിഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞു. 1967-69 കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്‌ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിനാണ് കോളേജിലെത്തിയത്.

‘സുധാകരന്റെ നേതൃത്വത്തില്‍ ചടങ്ങ് അലങ്കോലമാക്കി. സി.എച്ചിന് നേരെ ചെരുപ്പെറിഞ്ഞു. അന്ന് എ.കെ ബാലന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ് പ്രവര്‍ത്തകരാണ് ചടങ്ങ് നടത്താന്‍ സൗകര്യം ചെയ്തത്. അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണ്ണന്‍ കോളേജിന് ചുറ്റും ഓടിയ ചരിത്രം അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന എ.കെ ബാലന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.’- പിണറായി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനു മറുപടി നാളെ പറയുമെന്ന് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം മുഴുവന്‍ കേട്ടു. എനിക്കതില്‍ ബേജാറൊന്നുമില്ല. എല്ലാത്തിനും നാളെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുമെന്നും സുധാകരന്‍ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles