Tuesday, September 22, 2026

ക്യാമറയിൽ കുടുങ്ങി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ ബന്ധുവിന് വിവാദ കമ്പനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പുറത്ത്; സംസ്ഥാനം ഭരിക്കുന്നത് കോർപ്പറേറ്റ് കൺസോർഷ്യം?

തിരുവനന്തപുരം: എ ഐ കാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ബന്ധുവിന് വിവാദ കമ്പനിയുമായുള്ള ബന്ധം പുറത്ത്. ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവാണു പ്രകാശ് ബാബു. കമ്പനി റജിസ്ട്രാർക്കു സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്. പ്രകാശ്ബാബു കമ്പനിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഒന്നുമില്ല. എന്നാൽ പ്രകാശ്ബാബുവിന് പ്രസഡിയോയുമായുള്ള ബന്ധം തെളിയിക്കുന്ന മൂന്നു കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കമ്പനി രേഖകളിൽ പണം നൽകാനുള്ള ഇടപാടുകാരുടെ പട്ടികയായി ക്രെഡിറ്റേഴ്‌സ് ലിസ്റ്റിൽ പ്രകാശ് ബാബുവിന്റെ പേരുണ്ട്. എന്നാൽ കമ്പനിയുമായി പ്രകാശ്ബാബു നടത്തിയ ഇടപാടുകൾ എന്ത് എന്നത് സംബന്ധിക്കുന്ന വിവരങ്ങളില്ല. രണ്ടാമതായി, പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗെസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയും റിപ്പോർട്ടിലുണ്ട്. കമ്പനി ഇടപാടുകളിൽ പ്രകാശ് ബാബു അയ്യത്താൻ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ് എന്നതും മറ്റൊരു സുപ്രധാന കാര്യമാണ്.

പ്രകാശ് ബാബുവിനു പങ്കാളിത്തമുള്ള കമ്പനിയാണെന്നു പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എംഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്നു നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള കമ്പനിയായതിനാൽ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അൽഹിന്ദ് പങ്കെടുത്ത യോഗങ്ങളിൽ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി. കൂടാതെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമി കമ്പനിയാണ് കരാർ ലഭിച്ച പ്രസാദിയോ എന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു. കോൺഗ്രസ് ബന്ധുവിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ പ്രകാശ്ബാബുവിന്റെ പേര് വെളിപ്പെടുത്തുകയും മുഖ്യമന്ത്രിയുമായുള്ള ബന്ധം വിശദമാക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles