Wednesday, December 24, 2025

രാഹുൽ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവ്; കപ്പലുപേക്ഷിച്ച് ചാടിയ കപ്പിത്താൻ; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ

നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ കോൺഗ്രസ് നേതൃത്വത്തിലേക്ക് വരണം പക്ഷെ രാഹുൽഗാന്ധി സ്ഥിരതയില്ലാത്ത നേതാവെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുള്ള വിമത സംഘമായ ജി 23 സംഘവുമായി കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തുടരുമ്പോഴാണ് തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പി ജെ കുര്യൻ രംഗത്തെത്തുന്നത്. രാഹുൽഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് കുര്യന്റെ വിമർശനം. ആദ്യമായാണ് കേരളത്തിൽ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുന്നത്.

കപ്പലുപേക്ഷിച്ച് പുറത്ത് ചാടിയ കപ്പിത്താനെന്ന് രാഹുലിനെ വിമർശിച്ച കുര്യൻ പ്രസഡിന്റായി വീണ്ടും അദ്ദേഹം വേണ്ടെന്ന നിലപാടുകാരനാണ്. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാൾ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല. നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോൺഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് പരോഗമിക്കുമ്പോഴാണ് മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഹുൽ മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

2019 ലെ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി രാഹുൽഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതൽ കോൺഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ലെന്നാണ് കുര്യന്റെ വിമർശനം. പാർട്ടിയിൽ കൂട്ടായ ചർച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുൽ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും കുര്യൻ വ്യക്തമാക്കി

Related Articles

Latest Articles