കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ‘പ്ലാന്‍ ബി’യും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തല്‍. ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. ഈ പദ്ധതി അനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഇവരെ നാലുപേരെയും സഞ്ചരിച്ചിരുന്ന കാറടക്കം എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മിഥുന്‍, അക്ഷയ്, ഗോകുല്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ മിഥുനാണ് പ്ലാൻ ബി തയ്യാറാക്കിയത്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുന്‍ ഫോണില്‍വിളിച്ച് ആയുധങ്ങളുമായി എത്താൻ നിർദ്ദേശിച്ചു വിവാഹവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ തോട്ടടയിലെ സംഘത്തിനെ നേരിടാന്‍ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ‘പ്ലാന്‍ ബി’ അടക്കം ആസൂത്രണം ചെയ്ത പ്രതികള്‍, വലിയതോതിലുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടിയതെന്നും പോലീസ് കരുതുന്നു. അതിനാല്‍തന്നെ വിവാഹവീട്ടില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫെബ്രുവരി 13ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവും സുഹൃത്തുക്കളും തൊട്ടടയിലെ ഒരു വിവാഹ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഏച്ചൂർ സ്വദേശികളായ ഹേമന്ത്, അനുരാഗ് ,രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

