Friday, September 25, 2026

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Arya Rajendran Marriage) ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളാണ് വിവരം പുറത്തുവിട്ടത്. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ വിവാഹത്തിന്റെ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു.

അതേസമയം ഒരു മാസത്തിന് ശേഷമാവും വിവാഹം നടക്കുകയെന്നാണ് വിവരം. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്.

നിലവില്‍ സച്ചിന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. അതേസമയം ഇരുപത്തിയൊന്നാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്.

Related Articles

Latest Articles