ദില്ലി: സർക്കാർ ഭൂമി വിറ്റുകാശാക്കിയെന്ന സീറോ മലബാർ സഭക്കും കർദ്ദിനാളിനും എതിരെ ഉയർന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. എഴുപത് വയസുകഴിഞ്ഞ മുതിർന്ന പൗരനാണ് കർദ്ദിനാൾ. അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന ആരോപണം പരാതിക്കാര്‍ക്ക് പോലും ഇല്ലെന്ന് കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടി ഒരു പക്ഷെ പരിധി വിട്ടതായിരിക്കാമെന്നും അക്കാര്യം വാദത്തിന് ഒടുവിലാണ് വ്യക്തമാകുകയെന്നും കര്‍ദിനാള്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ നല്‍കിയ നോട്ടീസില്‍ എതിര്‍ കക്ഷികളോട് രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

