Sunday, May 19, 2024
spot_img

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് നരേന്ദ്രമോദിയുടെ ആഹ്വാനം

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിൽ വോട്ടുരേഖപ്പെടുത്തി. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തിയത്. എല്ലാ പൗരന്മാരും സമ്മതിദാനം രേഖപ്പെടുത്തണമെന്ന് വോട്ടുചെയ്തു പുറത്തിറങ്ങിയ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

‘ഇന്ന് മൂന്നാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന എല്ലാവരോടും റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സജീവമായ പങ്കാളിത്തം ഈ തെരഞ്ഞെടുപ്പിനെ ഊർജ്ജസ്വലമാക്കുമെന്നും’ പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത്. 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 17.24 കോടി വോട്ടർമാർക്കാണ് ഈ ഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹരായിട്ടുള്ളത്. 23 രാജ്യങ്ങളിൽ നിന്നുള്ള എഴുപത്തിയഞ്ച് പ്രതിനിധികൾ വോട്ടെടുപ്പ് പ്രക്രിയ നിരീക്ഷിക്കാനായി എത്തിയിട്ടുണ്ടെന്നും പോൾ പാനൽ അറിയിച്ചു.

Related Articles

Latest Articles