Thursday, January 1, 2026

പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാരനെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത മുന്‍ സൈനികന്‍ പൊലിസ് പിടിയിൽ

കൊല്ലം:പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ സൈനികന്‍ തൃപ്പൂണിത്തുറയില്‍ പിടിയില്‍. അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി. ചന്ദനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച്‌ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണെന്ന് സ്വയം പരിചയപ്പെടുത്തി പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് ദീപക് തട്ടിപ്പ് നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പുറത്ത് വരുന്ന വിവരം.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നാണ് ദീപക് പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുമ്ബ് അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തിയത്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ച കാറും ദീപക് തട്ടിപ്പിനുപയോഗിച്ചിരുന്നു. വയനാട്ടില്‍ റിട്ടേഡ് ഡി.എഫ്.ഒയുടെ പക്കല്‍ നിന്നും പണം വാങ്ങിയതായാണ് വിവരം.

Related Articles

Latest Articles